2010, നവംബർ 13, ശനിയാഴ്‌ച

അമ്മയുടെ കണ്ണുകള്‍ ഇടുങ്ങി വിളറിയിരുന്നു.
എണ്ണ വറ്റി ക്കരിഞ്ഞ ഒരു തിരിയുടെ ഇത്തിരി നനവ്-
മായാതെ ബാക്കിനില്‍ക്കുന്ന മങ്ങിയ കണ്ണുകള്‍.
           ചുവന്ന തെരുവിന്റെ കണ്ണീര്‍
           മഴയുടെ കറുപ്പില്‍ അലിഞ്ഞുതീരുന്നു...
           കുപ്പത്തൊട്ടിയിലേക്ക് പറിച്ചെറിഞ്ഞ
           ഭ്രൂണങ്ങള്‍ ചോദ്യചിഹ്നങ്ങളായി തുടരുന്നു...
           കോടാലിമുന കൊണ്ട് തലയറ്റുപോയ അമ്മ.
           മുളയുടെ അറ്റത്തു തുണിയില്‍ വരച്ചിട്ടു-
          ചവുട്ടി മെതിച്ചു കളഞ്ഞത് അമ്മയുടെ ഹൃദയം...
          അമ്മിഞ്ഞപ്പാലില്‍ വിഷം ചേര്‍ത്ത് വിറ്റത്‌
          കൂടെപിറപ്പിനെ  കൊല്ലന്‍....
          തല നഷ്ടമായവരും ഹൃദയം നഷ്ടമായവരും മുറവിളികള്‍ കൂട്ടി...
          അവരുടെ കാലുകള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞപ്പോഴും
          കരച്ചിലമര്‍ത്തിപ്പിടിച്ചത്-
          മഴ കാത്തുനിന്ന  അമ്മയുടെ മനസ്.
ജീവന്റെ വിത്തുകള്‍ മിഴിതുറക്കാതെ
ഗര്‍ഭപാത്രഭിത്തിയില്‍ മാറാല കെട്ടുന്നു...
മുറിഞ്ഞഹൃദയം ചീറ്റിയ ചോര തെറിച്ചുവീണത്‌-
പാതി മിഴിതുറന്നപൂമൊട്ടില്‍...
തീയിട്ടു കരിച്ച കള്ളിചെടിയുടെ മുള്ളുകള്‍
നീണ്ടു വളര്‍ന്നു കുത്തിയിറങ്ങിയത് -
അമ്മയുടെ പാതി മരിച്ച ഹൃദയത്തില്.....
             ഈയംപാറ്റകള്‍ വട്ടമിട്ടുപറക്കുന്നത്
             ഇത്തിരി വെളിച്ചത്തിന് ചുറ്റും...
            ചിറകൊടിഞ്ഞ തുമ്പികള്‍ തലതല്ലിച്ചാവുന്നു...
            അറവു ശാലയിലെ കരച്ചിലിപ്പോള്‍-
            നേര്‍ത്തു നേര്‍ത്തു വരുന്നു....
മണ്ണിന്റെ ഹൃദയം ചുവന്നു തുടുക്കുന്നു.
ചോരപ്പുഴയിലൂടോഴുകി വന്ന-
പിഞ്ചുകുഞ്ഞിന്റെ ഇനിയും മരിക്കാത്ത മുഖം ശ്വാസമറ്റു നിന്നു ...
അതൊരു നടുക്കുന്ന ചോദ്യമായി..
എന്‍റെ തലച്ചോറിനെ ഭ്രാന്തുപിടിപ്പിക്കുന്നു.
ചോദ്യങ്ങള്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍-
ഇരകളെ തേടി നടന്നു...
             ഹൃദയത്തിലോളിപ്പിച്ച മങ്ങിപ്പോയ മയില്‍‌പ്പീലിത്തുണ്ടും
             പറയാതെ സൂക്ഷിച്ച സ്വപ്നങ്ങളും    ചവറ്റുക്കുട്ടയിലേക്ക് ....
ഇപ്പോള്‍...-
കനലുകളെരിയുന്നത്‌ എന്‍റെ തലച്ചോറിലാണ്....,,
ചോര വാര്‍ക്കുന്നത് എന്‍റെ ഹൃദയമാണ്‌....
മണല്‍ ക്കാറ്റില്‍ വീട് നഷ്‌ടമായ ഞാന്‍...
മണ്ണില്‍ തലചായ്ച്ചു കിടന്നു...കിതപ്പകറ്റാന്‍....
വരണ്ടുണങ്ങിയ മണ്ണിന്റെ മാറില്‍
ഒട്ടിയ മുലപ്പാലിന്റെ പരലുകള്‍-
കണ്ണുനീര്‍ ചേര്‍ത്ത് ഒപ്പിയെടുക്കുന്ന -
വിറയാര്‍ന്ന നാവ്....
ഇടറുന്ന വേദന തൊണ്ടയിലൂടെ ഉരുണ്ടിറങ്ങിയ ജീവന്റെ നീര് ....
പുറത്ത്  മഴ പെയ്യുന്നു ....
ഈറന്‍ വയലറ്റ്പൂക്കള്‍ വിതറിയ മേഘക്കിടക്കയിലേക്ക്....
അമ്മ വിളിക്കുന്നു....
വരിക കണ്ണാ ഇനിയുറങ്ങാം.....
അമ്മയുടെ നെഞ്ചിലെ ഇത്തിരിചൂടില്‍...
സ്വപ്‌നങ്ങള്‍ പോലും കാണാന്‍ ഭയന്നിരുന്ന-
എന്‍റെ കണ്ണുകളില്‍
കനല്‍ നിറച്ചുറക്കിയ തെന്തിനു?
സ്വപ്നങ്ങളുടെ ശ്മശാനത്തിന് മുന്‍പില്‍
എന്നെ തനിച്ചു നിര്ത്തിയതെന്തിനു ?
ഒരു വേള..-
ഞാന്‍ നിന്നെ അറിയാഞ്ഞതിനാലോ?
അതോ...അറിഞ്ഞതിനാലോ.....?
സ്നേഹം- പിറവിയെടുക്കുന്നത്  ഹൃദയത്തിലാണ്...
മഴയ്ക്കും തണുത്ത കാറ്റിനും ഒടുവില്‍
ഒരു നിശ്വാസത്തിന്റെ ഇളംചൂടിനും
ഒരു തുള്ളി കണ്ണുനീരിനും ഒടുവില്‍
തലച്ചോറില്‍ വിടവുകള്‍ പിറക്കുന്നു...
അതിന്റെ രാസഗതി ഹൃദയത്തെ ചവുട്ടിമെതിക്കുന്നു.
ഇപ്പോള്‍ ഞാന്‍ അറിയുന്നു-
നിന്റെ ഹൃദയം നിന്റേതു മാത്രം....!
നിനക്ക് മാത്രം...
എന്റേത് എനിക്കും...!!!
എന്‍റെ കയ്യില്‍ കുറിച്ചിട്ട നിന്റെ പേര്
നിന്റെ കണ്ണുകള്‍ക്ക് അന്യമാവുന്നു...
അതുകൊണ്ടായിരിക്കാം,
ഹൃദയ രക്തത്താല്‍ ഞാന്‍ കുറിച്ചിട്ട
വരികള്‍ക്കിടയില്‍
നിനക്ക് നിന്നെ അറിയാനാവാഞ്ഞത്,എന്നെയും ...
എന്‍റെ കണ്ണുനീരിനാല്‍  മറച്ച നിന്റെ രൂപം കാണാഞ്ഞത്...
പാതയുടെ ദൂരം കുറയും തോറും
എന്‍റെ കണ്ണുകളുടെ ഭാഷയറിയാന്‍
നിനക്കാവുന്നില്ലേ?  
എന്നെ അറിയാന്‍....?
നിറയുന്ന വാക്കുകളുടെ ഭാരം
ഒടിഞ്ഞു തൂങ്ങിയ എന്റെ ഹൃദയത്തെ തളര്‍ത്തുന്നു.
എന്നിട്ടും....
നിന്റെ കണ്ണുകളിലേക്ക് നോക്കി
എന്റെ നാവ് വാക്കുകള്‍ക്കായി തിരയുന്നു......
വാക്കുകള്‍ ഇന്ന് വഴുതി പോവുന്നു,
അര്‍ത്ഥങ്ങളിലെക്കോ അതോ അപൂര്‍ണതയിലെക്കോ?
അവ നിന്റെ ഹൃദയത്തെ,തലച്ചോറിനെ -
ചുട്ടുപൊള്ളിക്കുമോ എന്നു ഞാന്‍ ഭയക്കുന്നു ...
അതിനാല്‍ -
മനസിന്റെ കോണില്‍ വാക്കുകള്‍ പെറ്റുപെരുകുമ്പോഴും  
എന്റെ ചുണ്ടുകള്‍ വരണ്ടിരുന്നു.
കണ്ണുകളില്‍ നിര്‍വികാരതയായിരുന്നു...... 

2010, നവംബർ 12, വെള്ളിയാഴ്‌ച

പനിനീരിന്റെ ചുവന്നഹൃദയത്തിന്റെ
ഒരു തുണ്ട് നനവ് സ്വന്തമാക്കിയ ആകാശം
മേഘങ്ങള്‍ മറച്ച അവ്യക്തത...
വരണ്ട ഹൃദയത്തിലേക്ക് കാറ്റുവീശുന്നു.
ഒരു മഴയേക്കാള്‍ തണുപ്പുണ്ട് അതിന്.....
അതിലൂടെ ഞാന്‍ അറിയുന്നത് നിന്നെയാണ് ........
അതു എന്നില്‍ അവശേഷിപ്പിക്കുന്നത്
നിന്റെ ഹൃദയത്തിന്റെ ഇളം ചൂടാണ്.
നാലു ചുമരുകള്‍ക്കുള്ളില്‍ നിശ്വാസങ്ങള്‍ -
പരസ്പരം പുണരുമ്പോള്‍,
എന്റെ കൈത്തലത്തിലൂടൊഴുകുന്ന  
രക്ത പ്രവാഹത്തിന്റെ ഇളംചൂടറിയാന്‍...,
നീ ഒരിക്കല്‍ പോലും കൊതിച്ചിരുന്നില്ലേ? ....
ഒരിക്കല്‍ പോലും.....?
ചോദ്യങ്ങള്‍ക്കിടയില്‍ പ്രതീക്ഷയും
ഉത്തരങ്ങള്‍ക്കിടയില്‍ വേദനയും നിറഞ്ഞിരുന്നു....
നിശ്വാസങ്ങളിലൂടെ മായ്ക്കുവാനും മറയ്ക്കുവാനും
മനസിന്നോടാരോ പറയുന്നു .
കണ്ണിലൂടിറ്റി  വീണ ചോരയ്ക്ക്-
മരണവീട്ടിലെ ചന്ദനത്തിരിയുടെ മണം....
അതിന്റെ മണമറിയാത്ത  ശവത്തിന്റെ കണ്ണുകള്‍ തുറന്നും,
ഹൃദയം സ്പന്ദിച്ചുമിരുന്നു....
പക്ഷെ
അതറിഞ്ഞത് ഞാന്‍ മാത്രം!
കട്ടകെട്ടിയ ചോരയ്ക്ക് കരിഞ്ഞ സ്വപ്നത്തിന്റെ നിറം..
ആ ചോരത്തുള്ളികള്‍ തെറിച്ച പൂവിന്റെയുള്ള്  പിടഞ്ഞിരുന്നു
അപ്പോള്‍...
ഉത്തരങ്ങള്ക്കിടയിലെ ചോദ്യങ്ങള്‍ ഇടയ്ക്കിടെ  തലപ്പൊക്കി.....
കണ്ണുകളടച്ചും  കൈകള്‍ കൂട്ടിത്തിരുമ്മിയും 
നീ അവയെ പേടിപ്പിച്ചു.
മങ്ങിയ മനസിന്റെ കണ്ണാടിയില്‍
പൂത്ത മുളയുടെ ചിത്രവും ഗന്ധവും....
എന്നെ കൈ പിടിച്ചുകൊണ്ടുപോയത്
സ്വപ്നങ്ങളുടെ ശ്മശാനത്തിലേക്ക് ആയിരുന്നു....
ഞാനും നീയും ആത്മഹത്യ ചെയ്ത-
ഒരു തുണ്ട് കയറവിടെ ശേഷിച്ചിരുന്നു ,
നമ്മളതിനെ നോക്കി ചിരിച്ചു ...
കണ്ണും ഹൃദയവും നഷ്ടപെട്ട -
വെറും അസ്ഥികൂടങ്ങളായി .......